ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമായ മാലിപ്പുറം ഒരു പഴയകാല തുറമുഖമായിരുന്നു. കടപ്പുറം എന്നു തന്നെയാണ് മാലിപ്പുറമെന്നതിനര്‍ത്ഥം. കൊച്ചി രാജ്യത്ത് വിതരണം ചെയ്യേണ്ട ഉപ്പ് ബോംബെയില്‍ നിന്നും ഈ തുറമുഖത്തു കൊണ്ടുവന്നിരുന്നു. ഉപ്പു ശേഖരിച്ചു വയ്ക്കുന്നതിനു വേണ്ടിയുള്ള വലിയ പാണ്ടിക ശാലകള്‍ ഈ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. കൊച്ചി രാജാവിന്റെ വരുമാനത്തില്‍ ഒരു പ്രധാന ഇനമായിരുന്നു ഉപ്പ് നികുതി. മാലിപ്പുറത്തു ഒരു വലിയ കൊടിമരം ഉണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ കൊടികള്‍ കാണിച്ചും രാത്രിയില്‍ വിളക്കു കാട്ടിയും കപ്പലുകള്‍ക്ക് ദിശാബോധം നല്‍കിയിരുന്നു. മഴക്കാലത്ത് കാറ്റും കോളും ഏല്‍ക്കാതെ ഭദ്രമായി കപ്പലുകള്‍ക്ക് നങ്കുരമിട്ടു കിടക്കുന്നതിനു പറ്റിയ രൂപത്തില്‍ കടലിന്നടിയില്‍ പച്ച നിറത്തിലുള്ള ചളി ഇവിടെ രൂപപ്പെട്ടു കിടന്നിരുന്നു. ഞാറക്കല്‍ മുതല്‍ തെക്ക് പുറക്കാടു വരെ അങ്ങിനെ ഒരു മഡ് ബാങ്ക് ഉണ്ടായിരുന്നു. എളങ്കുന്നപ്പുഴ ഭാഗം കടലില്‍ നിന്നും നോക്കിയാല്‍ ഒരു ഇളകുന്ന പുഴയായിട്ടെ തോന്നിയിരുന്നുള്ളു. അങ്ങിനെയാണ് എളങ്കുന്നപ്പുഴക്കു ആ പേരു കിട്ടിയതെന്ന് കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ വി.വി.കെ.വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. സഹോദര പ്രസ്ഥാനത്തിന്റെ അലയടികള്‍ വൈപ്പിന്‍കരയുടെ മറ്റേതു പ്രദേശത്തെക്കാളും മുമ്പെ അനുരണനങ്ങള്‍ ഉണ്ടാക്കിയത് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഓച്ചന്തുരുത്തിലായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായി സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതും ഗ്രാമത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനു പകിട്ടേകുന്നു. ആശാന്‍ മെമ്മോറിയല്‍ വായനശാല നവോത്ഥാന കാലത്തുതന്നെ ജന്മമെടുത്തതാണ്. വിവിധ കലാകായിക രംഗങ്ങളില്‍ മികവു തെളിയിച്ച ഒട്ടേറെ കലാപ്രതിഭകള്‍ ഈ ഗ്രാമത്തിന്റെ സംഭാവനയായുണ്ട്. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി പതിനെട്ടു വിദ്യാലയങ്ങള്‍ പൊതുവിദ്യാധാരയിലേക്ക് ജനങ്ങളെ ജാതിമതഭേദമില്ലാതെ നയിക്കുവാന്‍ സഹായിച്ചു. തുടര്‍ന്നു ഉന്നത വിദ്യാഭ്യാസത്തിന് നഗരത്തിലെത്താനുള്ള സൌകര്യങ്ങളും സാംസ്കാരിക വളര്‍ച്ചക്ക് വളമേകി. വിവിധ സമുദായങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ദേവാലയങ്ങളും പഞ്ചായത്തില്‍ ഉണ്ട്. ഇവയിലെല്ലാം ചെറുതും വലുതുമായ ആഘോഷങ്ങള്‍ നടക്കുന്നു. എളങ്കുന്നപ്പുഴയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാട്ടാണ് പ്രസിദ്ധമായത്. അതോടനുബന്ധിച്ച് കുറത്തിയാട്ടം, ഓട്ടന്‍ തുള്ളല്‍, കഥകളി എന്നീ ക്ഷേത്ര കലകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. പഞ്ചായത്തില്‍ ധാരാളം കലാസാംസ്കാരിക/കായിക സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.